Monday, September 26, 2011

കണ്ണൂരിന്റെ പ്രണാമം




പ്രിയരെ,

കണ്ണൂർ സൈബർ മീറ്റ് സമംഗളം സമാപിച്ചിരിക്കുന്നു.  മാടായിപ്പാറയിലും ജവഹർ ഹാളിലുമായി ഏകദേശം 66 ബ്ലോഗ് / ഫേസ് ബുക്ക് അംഗങ്ങളും 16 കോളേജ് വിദ്യാർഥികളും, 8 പൊതു ജനങ്ങളുമായി ഏകദേശം തൊണ്ണൂറോളം ആളുകൾ മീറ്റിൽ പങ്കെടുത്തിരുന്നു.  രണ്ടു ദിവസത്തെ ഭക്ഷണത്തിനും ഹാൾ വാടകയ്ക്കും ട്രാൻസ്‌പോർട്ടേഷൻ ഇനത്തിലും, ഫ്ലെക്സ്, ബ്രോഷർ എന്നിവക്കും മറ്റുമായി ആകെ ചെലവായത് 25,463 രൂപയാണ്.  സംഭാവനകൾ വഴിയും രജിസ്‌ട്രേഷൻ വഴിയുമായി കിട്ടിയത് 25,300 രൂപയും. 
   
ഈ മീറ്റ് അനൌൺസ് ചെയ്തതിനു ശേഷം രണ്ട് മീറ്റുകൾ നടന്നത് കൊണ്ട് രജിസ്ട്രേഷൻ ഫീസിൽ കാര്യമായ കുറവ് വരുത്താൻ ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു.  മിക്കവാറും ആളുകൾ എല്ലാ മീറ്റിലും പങ്കെടുക്കുന്നവരാണല്ലോ.  മുൻപ് നടന്നൊരു മീറ്റിൽ പങ്കെടുക്കാൻ 250 രൂപ ഇല്ലാതെ വിഷമിച്ച് ഹാളിനു പുറത്ത് നിന്ന രണ്ട് പെൺ‌കുട്ടികളുടെ ദയനീയാവസ്ഥയും മുന്നിലുണ്ടായിരുന്നു.  (അന്ന് സംഘാടകരുടെ പ്രത്യേകാനുമതിയോടെ അവരെ പ്രവേശിപ്പിക്കുകയായിരുന്നു.)  രജിസ്‌ട്രേഷൻ ഫീ ബാധ്യതയായി കരുതി ആരും മീറ്റിനു വരാതിരിക്കരുതെന്ന സദുദ്ദേശം കൊണ്ടാണ് അത് 100 രൂപയായി കുറച്ചത്.  ബാക്കി വേണ്ട തുക സംഭാവനയായി കലക്റ്റ് ചെയ്യാമെന്നു തീരുമാനിക്കുകയും സൻ‌മനസ്സുള്ള ചില ബ്ലോഗ്/ഫേസ് ബുക്ക് സുഹൃത്തുക്കൾ സഹായിക്കാൻ സ്വമേധയാ മുന്നോട്ട് വരികയും ചെയ്തു.  

വരുമെന്ന് ഉറപ്പ് പറഞ്ഞവർക്കും സാധ്യതയുള്ളവർക്കും ബ്ലോഗ് പഠിതാക്കൾക്കുമായി ഏകദേശം 150 പേരുടെ ഭക്ഷണമാണ് തയ്യാറാക്കാൻ ഉദ്ദേശിച്ചിരുന്നത്.  വിവിധ കാറ്ററിങ്ങ് ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ വലിയൊരു തുകയായിരുന്നു അതിലേക്കായി പറഞ്ഞത്. സദ്യ ഞങ്ങൾക്ക് തന്നെ ഉണ്ടാക്കാമെങ്കിൽ ചെലവ് കുറക്കാൻ കഴിയുമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് മാടായിപ്പാറയിലെ ഗസ്റ്റ് ഹൌസിൽ വെച്ച് ഉണ്ടാക്കാം എന്ന തീരുമാനത്തിലെത്തിയത്.  പാട്ടും കവിതയും ഡാൻസുമൊക്കെയായി കല്യാ‍ണപ്പുര പോലൊരു ദിവസമായിരുന്നു പ്ലാൻ.  ഒപ്പം അനുദിനം പ്രസിദ്ധി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ചരിത്രമുറങ്ങുന്ന മാടായിപ്പാറയിലെ കമനീയമായ പ്രകൃതിഭംഗി പുറംലോകത്തിനെ കാട്ടുകയെന്നതും.

കവിതാലാപനവും, പാട്ടും, നൃത്തവും പച്ചക്കറികൾ അരിയലും, തേങ്ങ പൊട്ടിക്കലും, പിഴിയലും ഭക്ഷണം തയ്യാറാക്കലും, വിളമ്പുകയും എല്ലാം ചെയ്തത് പങ്കെടുത്തവർ തന്നെയായിരുന്നു.  ശരിക്കുമൊരു സൈബർ സൌഹൃദ കൂട്ടായ്മ !  എങ്കിലും ചില പോരായ്മകൾ സംഭവിച്ചത് കുറച്ചു കാണുന്നേയില്ല.  തലേന്നു രാത്രി റോഡ് മാർഗം വന്നവർക്ക് അതൊരു സാഹസിക യാത്ര ആയിരുന്നു.  ചരിത്രത്തിലെ ഏറ്റവും മോശം റോഡാണ് ഇപ്പോൾ കണ്ണൂരിലുള്ളത്. ഭൂകമ്പം നടന്ന ഹെയ്ത്തിയിൽ പോലും ഇങ്ങനെയൊരു റോഡ് ഉണ്ടായിരിക്കില്ല.  ഏപ്രിൽ മാസം മീറ്റ് പ്രഖ്യാപിക്കുമ്പോൾ ഇത് ഞങ്ങൾക്ക് മുൻ‌കൂട്ടി കാണാൻ സാധിച്ചില്ല.  മാടായി ഗസ്റ്റ് ഹൌസിനു ഒരു സർക്കാർ സ്ഥാപനത്തിന്റെതായ സകല കുറ്റങ്ങളും ഉണ്ടായിരുന്നു.  അതൊക്കെ ഞങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച പാളിച്ചയായി കണ്ട് ക്ഷമ ചോദിക്കുന്നു.  സംഘാടകരിൽ പലരും ഒരു ബ്ലോഗ് മീറ്റിൽ പങ്കെടുത്തവർ പോലുമല്ലായിരുന്നു.  എല്ലാ സംരംഭങ്ങൾക്കും കുറവുകൾ കണ്ടേക്കാം.  ഏറ്റവും വലിയ മീറ്റായിരുന്ന തിരൂർ മീറ്റിന്റെ വിമർശനം ആളു കൂടിപ്പോയി, ആർക്കും പരസ്പരം പരിചയപ്പെടാൻ സമയം കിട്ടിയില്ലെന്നതായിരുന്നു.  കണ്ണൂരിൽ എല്ലാവർക്കും യഥേഷ്ടം അവസരം ലഭിച്ചിരുന്നു.  ഓണം വെക്കേഷൻ ആയത് കൊണ്ടാണ് പങ്കാളിത്തം കുറഞ്ഞതെങ്കിൽ തിരൂർ മീറ്റ് വിഷു വെക്കേഷനിലായിരുന്നല്ലോ.  പ്രതീക്ഷിച്ചത്ര പങ്കാളിത്തം ഇല്ലാതിരുന്നതിന്റെ കാരണം ഒരു പക്ഷേ ഇടക്കിടക്ക് മീറ്റുകൾ വരുന്നതുമായിരിക്കാം.

മീറ്റിൽ പങ്കെടുത്ത ബ്ലോഗ് ഫേസ്ബുക്ക്, ഓർക്കുട്ട് എന്നീ സോഷ്യൽ നെറ്റ് വർക്ക് അംഗങ്ങൾക്കും, റിപ്പോർട്ട് ചെയ്ത പത്ര മാധ്യമ പ്രതിനിധികൾക്കും, മീറ്റിന്റെ ഐഡന്റിറ്റി കാർഡും, രജിസ്‌ട്രേഷൻ ഫോമും, വെൽക്കം നോട്ടീസും തയ്യാറാക്കി തന്ന ബൂലോകം ഓൺ ലൈൻ-നമ്മുടെ ബൂലോകം ഭാരവാഹികൾക്കും മാടായിപ്പാറ ഗസ്റ്റ് ഹൌസ് മാനേജർ ശ്രീ.രാജേന്ദ്രൻ, ജവഹർ ലൈബ്രറി ഭാരവാഹികൾ, മലബാർ കോളേജ് മാനേജർ ശ്രീ.സുജിത്ത്,  ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും ഉറക്കമിളച്ച് പ്രവർത്തിച്ച കൊട്ടില ഗ്രാമത്തിലെ പ്രിയപ്പെട്ട ചെറുപ്പക്കാർ എന്നിവർക്കും സംഘാടക സമിതിയുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. 

സംഭാവനകൾ തന്ന് സഹായിച്ച ശ്രീ.ഇബ്രാഹിം ബായൻ, ശ്രീ.ജുനൈദ് അബൂബക്കർ, ശ്രീ.ലിജോ ജോയ്, ശ്രീ.രാജൻ വെങ്ങര, ശ്രീ.ശ്രീരാജ് (രാവണൻ), ശ്രീ.റെനീഷ് നമ്പ്യാർ കണ്ണൂർ, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മൂന്ന് ബ്ലോഗ് സുഹൃത്തുക്കൾ തുടങ്ങിയവർക്ക് ഞങ്ങളുടെ ഒരായിരം നന്ദി.  

മീറ്റിൽ പങ്കെടുത്തവരുടെ വിവരങ്ങളും ഗ്രൂപ്പ് ഫോട്ടോയും പി.ഡി.എഫ്. ആയി അവവരുടെ മെയിൽ ഐ.ഡി.യിലേക്ക് അയച്ചിട്ടുണ്ട്.  മീറ്റ് നടത്തിയത് കൊണ്ട് മാത്രം ഈ പ്രവർത്തനങ്ങൾ തീരുന്നില്ല.  ബ്ലോഗ് പഠിക്കാൻ എത്തിയവരുടെ സംശയങ്ങൾ തീർക്കാനും സഹായ നിർദ്ദേശങ്ങൾ നൽകാനുമായി ഫോൺ വഴിയും മെയിൽ വഴിയും ഞങ്ങൾ അവരെ വീണ്ടും ബന്ധപ്പെടുന്നുണ്ട്.  യുവജനങ്ങളെ കൂടുതലായി ബ്ലോഗിലേക്ക് ആകർഷിക്കാനായി ക്യാമ്പസ്സുകളിൽ ബ്ലോഗ് ക്ലാസ്സുകൾ നടത്താനും സ്ഥിരം ഓഫീസോടു കൂടി ഒരു ബ്ലോഗ് ക്ലബ് ആരംഭിക്കാനും പരിപാടിയുണ്ട്.  ശൈശവ ദശ പോലും പിന്നിടാത്ത മലയാളം ബ്ലോഗിങ്ങിന്റെ നാൾവഴിയിലൊരു കൈത്തിരി വെട്ടം, അതെങ്കിലുമാവാനാണ് ഞങ്ങളുടെ ശ്രമം.

ഈ മീറ്റ് ഒരു പരാജയമാണെങ്കിൽ അത് ഞങ്ങൾ സംഘാടകർ ഏറ്റെടുക്കുന്നു.  മറിച്ച് വിജയമാണെങ്കിൽ അതിന്റെ സകല ക്രെഡിറ്റും പല കഷ്ടതകൾ അനുഭവിച്ച് വെറും സൌഹൃദം മാത്രം കാംക്ഷിച്ച് തലേന്നും ഞായറാഴ്ചയുമായി മീറ്റിൽ പങ്കെടുത്ത നിങ്ങൾ ഓരോരുത്തർക്കും മാത്രം അവകാശപ്പെട്ടതാണ്.  ഞങ്ങൾ ഒരു പ്ലാറ്റ്‌ഫോം ഒരുക്കി, നിങ്ങൾ വന്ന് അതിൽ ആടിത്തിമർത്തു.. അത്രമാത്രം!

കണ്ണൂരിലെ റോഡുകൾ സുന്ദരിമാരായി അണിഞ്ഞൊരുങ്ങുന്ന ഏതെങ്കിലും ഒരു മഴയില്ലാ കാലത്ത് നിങ്ങളെല്ലാരും വരുമെങ്കിൽ നമുക്ക് വീണ്ടും കാണാം. J

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി
http://www.youtube.com/watch?v=dd_8jLzwRSk 


മീറ്റ് പോസ്റ്റ് ലിങ്ക്സ്: ഇത്രയധികം മീറ്റ് പോസ്റ്റുകൾ ബ്ലോഗ് മീറ്റുകളിൽ അപൂർവ്വമാണ്.
http://hakkimone.blogspot.com/2011/10/blog-post_24.html
http://abidiba.blogspot.com/2011/10/blog-post_09.html
http://oliyampukal.blogspot.com/2011/09/2011.html
http://chipism.blogspot.com/2011/10/blog-post_10.html 
http://sheriffkottarakara.blogspot.com/2011/09/blog-post_22.html
https://plus.google.com/102205448706848055867/posts/grsp6S2x3iS
http://mallublogleaks.blogspot.com/2011/09/blog-post.html
http://cheakuthan.blogspot.com/2011/09/blog-post_21.html

പിന്നണി താരങ്ങൾ : പ്രശോഭ്, പ്രവീൺ, അനൂപ്, മുരളികൃഷ്ണ, ബിജു കൊട്ടില, ഷൈജു, സുധി


മീറ്റ് പത്രങ്ങളിലൂടെ :



17 comments:

  1. അഭിനന്ദനങ്ങള്‍... വീണ്ടും കാണാം.

    ReplyDelete
  2. ഞാൻ ഇന്നേ വരെ മീറ്റാൻ പോയതെല്ലാം കൂട്ടുകാരെ കാണാനും ഇത്തിരി സന്തോഷിക്കാനും മാത്രം
    എനിക്കവ വേണ്ടുവോളം കിട്ടിയിട്ടുമുണ്ട് നൽകിയിട്ടുമുണ്ട്.

    മീറ്റിലെ പ്രധാന വിഷയം കമന്റിലൂടെ പോസ്റ്റിലൂടെ സംവദിച്ചവരെ ഒന്നു കാണുക, കൂടെ ഇരുന്ന് സംസാരിക്കുക കുറേ ചിരിക്കുക എന്നു വ്യക്തമായി മനസ്സിലാക്കിയതിനാൽ തന്നെ പങ്കെടുത്ത ഒരു മീറ്റും എനിക്ക് ഒരുപാട് ബോറായി തോന്നിയിട്ടില്ലാ.

    ഒരു വലിയ വിഷയത്തെ കുറിച്ചുള്ള ചർച്ചക്കോ കൂലങ്കുഷമായ ആശയ സംവാദത്തിനോ ഉള്ള വേദിയാണ് മീറ്റ് എങ്കിൽ എന്റെ പങ്കാളിത്തം തീർച്ചയായും ഞാൻ മാറ്റിവെക്കും. അതിനുള്ള വേദികൾ സാഹിത്യ വേദിയായി നമുക്ക് തന്നെ തരപ്പെടുത്താം.

    (കണ്ണൂർ മീറ്റിനു പങ്കെടുക്കാൻ കഴിയാതെ പോയതിൽ സങ്കടപ്പെടുന്ന ഒരുവനായി ഇന്നും....!)

    ReplyDelete
  3. കണ്ണൂരിലെ റോഡുകൾ സുന്ദരിമാരായി അണിഞ്ഞൊരുങ്ങുന്ന ഏതെങ്കിലും ഒരു മഴയില്ലാ കാലത്ത് നിങ്ങളെല്ലാരും വരുമെങ്കിൽ നമുക്ക് വീണ്ടും കാണാം....

    :)

    ReplyDelete
  4. തീര്‍ച്ചയായും കണ്ണൂരില്‍ ഇനിയും മീറ്റുകള്‍ സംഘടിപ്പിക്കണം. സൈബര്‍ മീറ്റ്‌ 2011 ന്റെ സംഘാടകര്‍ക്ക് നന്ദി

    ReplyDelete
  5. കണ്ണൂർ മിറ്റിന്റെ ഓർമ്മകൾ എന്നെന്നും മനസ്സിൽ ഉണ്ടായിരിക്കും.

    ReplyDelete
  6. ഇനിയും കണ്ണൂരില്‍ മീറ്റ് വന്നാല്‍ രോടുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ വരും... നല്ലൊരു മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകളുമായി.
    സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍...
    ആളു കൂടുന്നതാണ് മീറ്റിന്റെ വിജയമെന്കില്‍ തിരൂര്‍ മീറ്റിന്റെ വിജയം സംഘാടകന്‍ എന്ന നിലയില്‍ അതില്‍ പന്കെടുതവര്‍ക്കായി സമര്‍പ്പിക്കുന്നു. കണ്ണൂര്‍ മീറ്റില്‍ ആളു കുറഞ്ഞത് ഒരു പോരായ്മയെന്കില്‍ (എനിക്കങ്ങനെ തോന്നിയിട്ടില്ല) അതിനുത്തരവാദി രാവും പകലും പ്രയത്നിച്ച സംഘാടകരല്ല, വരുമെന്നരിയിച്ചു മുങ്ങിയവരാണ്‌.
    ആശംസകള്‍...

    ReplyDelete
  7. ഉച്ചക്ക് ശേഷമുള്ള പരിപാടിക്ക് കുറച്ചു കൂടി പബ്ലിസിറ്റി ആകാമായിരുന്നു എന്നാണു തോന്നുന്നത്. കുറച്ചു കോളേജ് വിദ്യാര്‍ഥിനികള്‍ കൂട്ടമായി വന്നില്ലായിരുന്നെങ്കില്‍ ആ പരിപാടി ആകെ പാളിയേനെ. ഇനിയുള്ള ബ്ലോഗ്‌ മീറ്റുകളില്‍ ഇത്തരം പഠന ക്ലാസുകള്‍ നിര്‍ബന്ധമായും നടത്തുകയും അതിനു കോളേജുകളും ലൈബ്രറികളും സാംസ്കാരിക വേദികളും കേന്ദ്രീകരിച്ചു കൊണ്ട് നല്ല രീതിയില്‍ പ്രചാരണം നല്‍കി നടത്തുകയും ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം. രാവിലെ ബ്ലോഗ്‌ മീറ്റും ഉച്ചക്ക് ശേഷം, (അല്ലെങ്കില്‍ മീറ്റിനു സമാന്തരമായി) പരിപാടി നടക്കുന്ന നാട്ടില്‍ ഉള്ളവര്‍ക്ക് അടക്കം ബ്ലോഗിനെ പറ്റി അറിയാനും പഠിക്കാനും അവസരമൊരുക്കുന്ന ഒരു ശില്പശാല കൂടി നടത്തുവാന്‍ സാധിച്ചാല്‍ നല്ലത്. കാരണം അപ്പോള്‍ ബ്ലോഗ്‌ മീറ്റുകള്‍ കൂടുതല്‍ ജനകീയമാവുകയും തുടരെ തുടരെ ഉണ്ടാകുന്ന മീറ്റുകള്‍ ബ്ലോഗ്‌ മീറ്റുകളുടെ തന്നെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥയില്‍ മാറ്റം വരികയും ചെയ്യും. മീറ്റുകള്‍ ജനകീയമാകുമ്പോള്‍ ബ്ലോഗ്‌ ലോകത്തിനു പുറത്തുള്ള, ചെറുപ്പക്കാരും എഴുത്തിന്റെയും വായനയുടെയും അസുഖമുള്ളവരും ഒക്കെ അടങ്ങുന്ന നല്ലൊരു കൂട്ടായ്മയെ മീറ്റിന്റെ സംഘാടനത്തിലും പ്രാതിനിധ്യതിലും ഉറപ്പു വരുത്താനും സാധിക്കും. ഈ കൂട്ടായ്മയില്‍ നിന്ന് നല്ല ബ്ലോഗ്ഗെര്‍മാരും നല്ല ബ്ലോഗ്‌ വായനക്കാരും ഉയര്‍ന്നു വരികയും ചെയ്യും. എഴുത്തിന്റെ വഴി നമുക്കും സാധ്യമാക്കിയ, ഇന്നും ശൈശവത്തില്‍ നില്‍ക്കുന്ന ബൂലോകത്തിന്, നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണയാകുമത് . .

    ReplyDelete
  8. ഈ ബ്ലോഗ്‌ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

    കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍

    ReplyDelete
  9. കണ്ണൂര്‍ മീറ്റ് ഒരിക്കലും പരാജയമായിരുന്നില്ല. മുമ്പ് നടന്ന മീറ്റുകളെ പോലെ ഏത് ഉദ്ദേശത്തില്‍ മീറ്റ് നടത്തിയോ ആ ഉദ്ദേശം സഫലമാവുക തന്നെ ചെയ്തു എന്നതിനു തെളിവ് കണ്ണൂര്‍ മീറ്റിനെ സംബന്ധിച്ച് പോസ്റ്റുകളുടെ ബാഹുല്യം തന്നെ.
    ബൂലോഗത്തിലെ മുമ്പേ പറക്കുന്ന പക്ഷികളാണ് നമ്മള്‍. ഇനി പിമ്പേ വരുന്നവര്‍ക്ക് വേണ്ടി ദിശ നിര്‍ണയിച്ച് അവരെ സുരക്ഷിതരായി ലക്ഷ്യത്തിലെത്തിക്കാന്‍ പാട് പെടുന്നവര്‍. ആ അര്‍ത്ഥത്തില്‍ ഈ മീറ്റുകളെല്ലാം വിജയം തന്നെ.

    ReplyDelete
  10. മീറ്റുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങളുടെ റിസള്‍ട്ടോ അവ പ്രസിദ്ധീകരിക്കാനുള്ള അനുമതിയോ ഇതു വരെ കിട്ടിയില്ല.ഉടന്‍ അറിയിക്കും എന്ന് കരുതുന്നു.
    ഞാനും ഇപ്പോള്‍ കണ്ണൂര്‍ മീറ്റിന്റെ പോസ്റ്റിട്ടു തുടങ്ങി!!!
    http://abidiba.blogspot.com/2011/10/blog-post_20.html

    ReplyDelete
  11. ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ്‌ ബ്ലോഗ്‌ . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
    എന്റെ കണ്ണൂര്‍ യാത്ര വിവരണം...

    ReplyDelete
  12. മീറ്റിൽ പങ്കെടുത്തവരുടെ വിവരങ്ങളും ഗ്രൂപ്പ് ഫോട്ടോയും പി.ഡി.എഫ്. ആയി അവവരുടെ മെയിൽ ഐ.ഡി.യിലേക്ക് അയച്ചിട്ടുണ്ട്. മീറ്റ് നടത്തിയത് കൊണ്ട് മാത്രം ഈ പ്രവർത്തനങ്ങൾ തീരുന്നില്ല. ബ്ലോഗ് പഠിക്കാൻ എത്തിയവരുടെ സംശയങ്ങൾ തീർക്കാനും സഹായ നിർദ്ദേശങ്ങൾ നൽകാനുമായി ഫോൺ വഴിയും മെയിൽ വഴിയും ഞങ്ങൾ അവരെ വീണ്ടും ബന്ധപ്പെടുന്നുണ്ട്. യുവജനങ്ങളെ കൂടുതലായി ബ്ലോഗിലേക്ക് ആകർഷിക്കാനായി ക്യാമ്പസ്സുകളിൽ ബ്ലോഗ് ക്ലാസ്സുകൾ നടത്താനും സ്ഥിരം ഓഫീസോടു കൂടി ഒരു ബ്ലോഗ് ക്ലബ് ആരംഭിക്കാനും പരിപാടിയുണ്ട്. ശൈശവ ദശ പോലും പിന്നിടാത്ത മലയാളം ബ്ലോഗിങ്ങിന്റെ നാൾവഴിയിലൊരു കൈത്തിരി വെട്ടം, അതെങ്കിലുമാവാനാണ് ഞങ്ങളുടെ ശ്രമം...........



    എന്തായി?

    ReplyDelete